എവിടെയോ ഒരു നൊമ്പരം...

ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ നന്മകളും വിഷാദങ്ങളും ഏറ്റുവാങ്ങി ജ്യോതിബാസുവും യാത്രയായി. മികച്ച സംഘാടകനായും കഴിവുറ്റ ഭരണാധികാരിയായും സര്വ്വോപരി സത്യത്തിന്റെ പ്രതീകമായും ഏഴു ദശകങ്ങള് പ്രകാശം പരത്തിനിന്ന വംഗനാടിന്റെ ബഷു സ്വയം ഒരിതിഹാസമായി. ചില മനുഷ്യര് ഇങ്ങനെയാണ്. ദേശ-കാല-രാഷ്ട്രീയങ്ങള്ക്കതീതമായി നമ്മള് സ്നേഹിച്ചുപോകും. മഹാത്മജിയും, .കെ.ജിയും, നായനാരും, ആന്റണിയും വി.കെ. കൃഷ്ണമേനോനുമെല്ലാം ഗണത്തില്പെടുന്നു. പാര്ലമെന്റിലും അസംബ്ലിയിലും പോലും ക്രിമിനലുകള് തിമിര്ത്താടുന്ന ഇന്ത്യയില് ഷെയ്ക്ക് ഹസീനയുടെ വാക്കുകള് നമുക്ക് ശ്രദ്ധിച്ചേ പറ്റൂ.

ഇന്ത്യയില് എനിക്ക് വിശ്വാസമുളള ഒരേ ഒരു രാഷ്ട്രീയനേതാവേ ഉളളു. ജ്യോതിബാസു”.

1940ല് തുടങ്ങിയ സുദീര്ഘമായ രാഷ്ട്രീയ ജീവിതത്തില് ട്രേഡ് യൂണിയന് നേതാവ്, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഒടുവില് 77 മുതല് തുടര്ച്ചയായി 23 വര്ഷം മുഖ്യമന്ത്രി എന്നിങ്ങനെപലവേഷങ്ങളില് സജീവമായി പ്രവര്ത്തിച്ചു. 1970ല് ആനന്ദമാര്ഗ്ഗികളുടെ വധശ്രമത്തെ അത്ഭുതകരമായി അതിജീവിച്ചു.

നാളിതുവരെ വഹിച്ചിട്ടുളള ഓദ്യോഗിക സേവനം പരിഗണിച്ചല്ല മറിച്ച്, നിരാകരിക്കപ്പെട്ട പരമോന്നത പദവിയെ ഒര്ത്ത് വേണം നമുക്ക് ജ്യോതിബസുവിന്റെ മാറ്റുരയ്ക്കാന്.

1996ല് അനാരോഗ്യമുണ്ടായിരുന്നെങ്കിലും വി.പി.സിംഗില് നിന്നും മൂന്നാം മുന്നണിയെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന് ലഭിച്ച അപൂര്വ്വാവസരം ജ്യോതിബസു നിരസിച്ചു. അധികാരത്തോടുളള വിരക്തിമൂലമോ ഉന്നത പദവി പേറാനുളള ചങ്കൂറ്റമില്ലാത്തതുകൊണ്ടോ ബസു സ്വയം നിരസിച്ചതല്ല. ഇപ്പോള് പ്രധാനമന്ത്രിപദം വേണ്ട എന്ന് പാര്ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു. 20-െനതിരെ 35 വോട്ടുകളുടെ തീരുമാനം!

ഇവിടെ എനിക്കില്ലെങ്കില് നിനക്കുംവേണ്ട എന്ന മലയാളിയുടെ മനോഭാവം തെളിഞ്ഞുനിന്നു. കേരളഘടകത്തില്നിന്നായിരുന്നു അദ്ദേഹത്തിന് ഏറ്റവും കൂടുതല് എതിര്പ്പ് നേരിടേണ്ടിവന്നത്. പ്രത്യയശാസ്ത്രത്തിന്റെ തുരുമ്പിച്ച ഉടവാളുകൊണ്ട് അവര് നന്നായി യുദ്ധം ചെയ്തു. അങ്ങനെ ഇന്ത്യയിലെ പ്രഥമ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി എന്ന പദവിയ്ക്ക് അര്ഹനാകാനുളള ബസുവിന്റെ സാധ്യത മുളയിലേ കരിഞ്ഞുപോയി. അപ്പോഴും ഉദരരോഗത്തിനുളള ആയുര്വ്വേദത്തിലെ കയ്പന് കഷായങ്ങള് നമ്മുടെ സഖാക്കള് ബസുവിന് കൃത്യമായി എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു.

അപ്പോള് ഇതിലെന്ത് ത്യാഗം എന്ന ചോദ്യം ഉയര്ന്നുവരാം.

ജ്യോതിബസുവിന്റെ സ്ഥാനത്ത് നമ്മുടെ സോറനോ കരുണാനിധിയോ മായാവതിയോ ലാലുപ്രസാദോ ആണെന്ന് സങ്കല്പിക്കുക. ആദ്യം നേതാവ് പാര്ട്ടി തീരുമാനം പ്രഖ്യാപിക്കുമായിരുന്നു. തൊട്ടടുത്തദിവസം ഐകകണ്ഠേന സ്ഥാനാര്ത്ഥിയായി തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അവരുടെ മക്കളും വകയിലെ മക്കളും കാബിനറ്റ് മന്ത്രിമാരാകുമായിരുന്നു.

ഇവിടെയാണ് ജ്യോതിബസുവിന്റെ മഹത്വം. പാര്ട്ടിസെക്രട്ടറി സുര്ജിത്തടക്കം 55ല് 20 അംഗങ്ങളുടെ പിന്തുണയുണ്ടായിട്ടും ഒരു കുതിരച്ചന്തയ്ക്കും തയ്യാറായില്ല. മേല്പ്പറഞ്ഞ നേതാക്കളില് ആരെങ്കിലുമായിരുന്നെങ്കില് പീഡനത്തിലൂടെയോ പ്രീണനത്തിലൂടെയോ തീര്ച്ചയായും മുപ്പത്തഞ്ചില് ഇരുപതുപേരെയെങ്കിലും സ്വന്തം ചാക്കിലാക്കുമായിരുന്നു. പകരം ജനാധിപത്യമൂല്യങ്ങള്ക്ക് മഹത്ത്വം നല്കുന്ന ഇങ്ങനെയും ഒരുപ്രസ്ഥാനം ഇവിടെയുണ്ട് എന്നഭിമാനിക്കയാണ് ജ്യോതിബസു ചെയ്തത്.

ജ്യോതിബസുവിനെക്കുറിച്ച് ഒര്ക്കാന് അങ്ങിനെപലതുമുണ്ട് നമുക്ക്... മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ അവസാനകണ്ണികളില് ഒരാള്...

ബസുവിന്റെ മൃതശരീരം അദ്ദേഹത്തിന്റെ അഭീഷ്ടപ്രകാരം ഇപ്പോള് കൊല്ക്കൊത്തയിലെ എസ്.എസ്.കെ.എം. മെഡിക്കല് കോളേജിലെ ബിരുദാനന്തര വിദ്യാര്ത്ഥികള് കീറിമുറിക്കുകയാണ്. ഇത് അച്ചടിച്ചുവരുമ്പോഴേക്കും അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള് ശാസ്ത്രീയമായി വേര്പെടുത്തി കണ്ണാടിപ്പാത്രങ്ങളില് ശേഖരിച്ചുകഴിഞ്ഞിരിക്കാം.

നന്മയുടെ സുഗന്ധം പരത്തി അടിസ്ഥാനവര്ഗ്ഗത്തിനായി തുടിച്ചിരുന്ന ഹൃദയം ഫോര്മലിന്റെയും, സ്പിരിറ്റിന്റെയും ഗ്ലിസറിന്റെയും രൂക്ഷഗന്ധം ഏറ്റുവാങ്ങും.

ഡിസക്ഷന് ടേബിളില് ചൊക്കിച്ചുളിഞ്ഞ് കണ്ണുകളില്ലാത്ത (കണ്ണുകള് ദാനം ചെയ്തിരുന്നതുകൊണ്ട് അവ മരണാനന്തരം നീക്കം ചെയ്തിരുന്നു) ബസുവിന്റെ നഗ്നദേഹത്ത് തിരുനെറ്റിയില് നിന്നാണ് പ്രക്രിയ തുടങ്ങിയത് എന്ന് വാര്ത്ത.

കിടിലന് വാഗ്ധോരണിയില്ലാതെ കപട വാഗ്ദാനങ്ങളില്ലാതെ സാന്നിധ്യംകൊണ്ട് മാത്രം ജനലക്ഷങ്ങളെ ത്രസിപ്പിച്ച നേതാവാണ് ബസു.

ബസുവിങ്ങനെ... കൊച്ചു കൊച്ചു പാത്രങ്ങളില്....

പാഠപുസ്തകങ്ങളിലൂടെയും വാര്ത്താമാധ്യമങ്ങളിലൂടെയും തങ്ങളുടെ ഹീറോ വര്ഷിപ്പിന്റെ ചലനാത്മക ബിംബമായിരുന്ന ബസുവിന്റെ തിരുനെറ്റിയിലൂടെ മൂര്ച്ചയുളള നേര്ത്ത കത്തി ചലിപ്പിച്ചപ്പോള് വംഗനാടിന്റെ കുഞ്ഞുങ്ങളുടെ കൈവിറച്ചിരുന്നോ...?

നെഞ്ചില് നെരിപ്പോടു പുകഞ്ഞിരുന്നോ...?

അറിയില്ല....

നെഹ്രുവിന്റെ ചിതാഭസ്മം ഭാരതത്തിന്റെ മണ്ണിലും ഇന്ത്യയെ സ്പര്ശിക്കുന്ന സമുദ്രത്തിലും അലിഞ്ഞുചേര്ന്നു. ഗാന്ധിജിയുടെ രാജ്ഘട്ടിലെത്തുമ്പോള് നമ്മുടെ മനസ്സില് സത്യത്തിന്റെ പാതയിലൂടെ മാത്രം സഞ്ചരിക്കാനുളള ഒരഭിനിവേശം കുടനിവര്ത്തും.

പക്ഷേ, ഇവിടെ....?

നിരീശ്വരവാദിയായിരുന്ന നായനാര് ശാരദടീച്ചര് ക്ഷേത്രത്തില് പോകുമ്പോള് ഗോപുരനടയിലെ പല്ലവ ശില്പങ്ങള് ആസ്വദിച്ചു നില്ക്കുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തന്റെ സിദ്ധാന്തങ്ങള് ഒരിക്കലും അദ്ദേഹത്തിന്റെ കുടുംബത്തിന് ദുഃഖമായിട്ടില്ല.

കൊല്കൊത്തയില് ബസുവിന്റെ പുത്രന് ചന്ദന് ബസുവും പൌത്രിയും കൂടി പണ്ഡിറ്റ് പരീഖ് ത്രിപാഠിയുടെ കാര്മികത്വത്തില് മരണാനന്തര കര്മ്മങ്ങള് ചെയ്തു. സാധാരണഗതിയില് വിധിപ്രകാരമുളള ക്രിയകള് സാധിതമല്ലാതടക്കുന്ന അപൂര്വ്വ സാഹചര്യങ്ങളില് ഹിന്ദുക്കള് പുനര്സംസ്കാരകര്മ്മങ്ങള് ചെയ്യാറുണ്ട്. ചമതക്കമ്പുകളില് തീര്ത്ത രൂപത്തെ അനുഷ്ഠാനങ്ങളോടെ ചിതയിലേറ്റുന്നു. അങ്ങനെഅവര് ആത്മാവിന് മുക്തി നേടുമെന്ന് വിശ്വസിക്കപ്പെടുന്നു വിധം ഒരു ചടങ്ങാവും തീര്ച്ചയായും അവര് ചെയ്തിരിക്കുക.

ഇതില്നിന്നും നമ്മള് എന്തു മനസ്സിലാക്കണം...?

ബസുവിന്റെ കുടുംബാംഗങ്ങള് ആചാരവിധിപ്രകാരമുളള മരണാനന്തര കര്മ്മങ്ങള് ആഗ്രഹിച്ചിരുന്നു. പക്ഷെ ബസുവിന്റെ അഭീഷ്ടം തന്റെ ജഡംപോലും മനുഷ്യരാശിക്ക് ഉപയുക്തമാകട്ടെ എന്നായിരുന്നു. അത് അദ്ദേഹത്തിന്റെ മഹത്വം. പക്ഷെ ആത്മീയവാദികളും ഭൌതികവാദികളും ഒരുപോലെ സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. ദേഹിയില്ലാത്ത ദേഹം... ജീവനില്ലാത്ത ശരീരം... അത് വെറും അചേതനവസ്തു മാത്രമാകുന്നു... കുറേ തന്മാത്രകളുടെ വെറുമൊരു കൂമ്പാരം....

മൃതദേഹത്തെ ആദരിക്കുന്നത് നമ്മുടെ സംസ്കൃതിയുടെ ഭാഗമാണ്. അതുകൊണ്ടാണല്ലോ കൊല്ലപ്പെട്ട ക്രിമിനലുകളുടെ ദേഹത്തിന് മുന്നില് നിന്നുപോലും പോലീസ് ഒഫീസര്മാര് തൊപ്പിയൂരി തലകുനിക്കുന്നത്.

നിലയ്ക്ക് മരണമടഞ്ഞ ജ്യോതിബസുവിന്റെ ആഗ്രഹത്തിനപ്പുറം ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ താല്പര്യങ്ങളായിരുന്നില്ലേ സംരക്ഷിക്കപ്പെടേണ്ടിയിരുന്നത്?

ഇന്ത്യയിലെ മെഡിക്കല് കോളേജുകളിലെ ഏറ്റവും വലിയ പ്രതിസന്ധി പഠനആവശ്യത്തിന് വേണ്ടത്ര മൃതദേഹങ്ങള് ലഭ്യമാകുന്നില്ല എന്നതാണ്. ബംഗാളില്തന്നെ 1986ന് ശേഷം 70,000 പേര് സ്വന്തം ശരീരം മരണാനന്തരം മെഡിക്കല് കോളേജുകള്ക്ക് വാഗ്ദാനം ചെയ്തെങ്കിലും വെറും 1400 ദേഹങ്ങള് മാത്രമാണ് നാളിതുവരെ ലഭ്യമായത്.

നിലയ്ക്ക് ബസുവിന്റെ സേവനം സ്തുത്യര്ഹംതന്നെയാണ്.

ഇതൊരു മതമൌലികവാദിയുടെ ജല്പനമല്ല...

ജ്യോതിബസുവിന്റെ ധിഷണയുടെ ഏഴരികത്ത് എത്താത്ത ഒരു സാധാരണ പൌരന്റെ ധര്മ്മസങ്കടം മാത്രമാണ്.

ഇതരുതായിരുന്നു...!!

ഇന്ത്യാചരിത്രത്തിന് മുന്കൂട്ടി തിരക്കഥയെഴുതാന് കഴിഞ്ഞ ഒരു വലിയ മനുഷ്യന്റെ ഭൌതികശരീരത്തോട് നാം നീതി പുലര്ത്തിയോ? ഇവിടെ തീര്ച്ചയായും അരങ്ങൊഴിഞ്ഞ ബസുവിന്റെ ആഗ്രഹം നമ്മള് മറക്കണമായിരുന്നു. ആചാരങ്ങളില്ലെങ്കിലും ഇലക്ട്രിക് ക്രിമറ്റേറിയമെങ്കിലും ഉപയോഗിക്കാമായിരുന്നു. നാസ്തികനായ ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ചിന്തകളുടെ വലുപ്പം അറിയാഞ്ഞല്ല. ചില ദുഃഖങ്ങള്ക്ക് തത്ത്വചിന്തയും പ്രത്യയശാസ്ത്രങ്ങളും പരിഹാരമാകുന്നില്ല.

അതുകൊണ്ടാകാം... ഉളളിന്റെയുളളില്... എവിടെയോ... ഒരു നൊമ്പരം....

_____________________

സുരേഷ് വര്മ്മ


മുംബൈ മലയാളികള്ക്ക് വായനാശീലം ഇല്ല

ഈയിടെ ഒരജ്ഞാതന് എന്നെ ഫോണില് വിളിച്ചു ചോദിച്ചു:

മുംബൈയില് ഒരുപാട് കഥാകൃത്തുക്കളും കവികളും ഉണ്ടല്ലോ. എന്തുകൊണ്ട് അവര്ക്കിടയില് സക്കറിയയെപോലെ, മുകുന്ദനെപേലെ, .വി. വിജയനെപോലെ, കാക്കനാടനെപോലെ, എം.പി. നാരായണപിളളയെപോലെ ഒരു കഥാകൃത്ത് ഉയര്ന്നുവരുന്നില്ല? കടമ്മനിട്ടയെപോലെ, ബാലചന്ദ്രന് ചുളളിക്കാടിനെപോലെ, കെ.ജി. ശങ്കരപ്പിളളയെപോലെ ഒരു കവി ഉണ്ടാകുന്നില്ല? ”

എനിക്ക് കാര്യം പിടികിട്ടിപ്രവാസികളുടെ ഒരുചോദ്യം എം. മുകുന്ദനോട്എന്ന പേരില് ഞാനൊരു ലേഖനം എഴുതിയിരുന്നു ജ്വാല മാസികയില്. അതിന്റെ പ്രതികരണമാണ് ചോദ്യരൂപത്തില് ഞാന് ഫോണില് കേട്ടത്.

ഉണ്ടാകുന്നില്ലെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്?” ഞാന് കയര്ത്തു: “നിങ്ങള് ഇവിടെയുളളവരുടെ കഥകള് വായിച്ചിട്ടുണ്ടോ? കവിതകള് വായിച്ചിട്ടുണ്ടോ?”

ഞാന് നിങ്ങളെപ്പോലുളളവര് എഴുതുന്നതൊന്നും വായിക്കാറില്ല,” അപരന്റെ മറുപടി വളരെ ലാഘവത്വത്തോടെയായിരുന്നു.

പിന്നെ നിങ്ങളെങ്ങനെ മുമ്പു പറഞ്ഞ നിഗമനത്തിലെത്തി?” ഞാന് വിശദീകരണം തേടി.

ഇവിടെത്തന്നെയുളള ഒരു കഥാകൃത്ത് പറഞ്ഞു, നിങ്ങളെപ്പോലുളളവര് എഴുതുന്നതൊക്കെ പൈങ്കിളിയാണന്ന് ”. ഇത്രയും പറഞ്ഞതിനുശേഷം അയാള് കഥാകൃത്തിന്റെ പേര് വെളിപ്പെടുത്തി. തന്നെക്കാള് കേമനായി ആരുമില്ലെന്ന് മേനിനടിക്കുന്ന കഥാകൃത്തിന്റെ പേരുകേട്ടപ്പോള് എനിക്ക് ഉളളില് ചിരിയൂറി. അക്ഷരങ്ങള് തെറ്റുകൂടാതെ എഴുതാനറിയാത്ത അയാളുടെ ചില കയ്യെഴുത്തു പ്രതികള് ഞാന് വായിച്ചിട്ടുണ്ട് എന്നതാണ് അതിന്റെ കാരണം. ആരുടെയോ സൌജന്യത്തില് അയാളുടെ ഒന്നുരണ്ടെണ്ണം അച്ചടിമഷി പുരണ്ടു വന്നിട്ടുണ്ട്. അതിന്റെ പേരില് താനൊരു എം. സുകുമാരനോ പട്ടത്തുവിളയോ യു. പി. ജയരാജോ ആണെന്ന് ഊറ്റം കൊളളുന്നതും കണ്ടിട്ടുണ്ട്. വാസ്തവത്തില് ഇവരെപ്പോലുളളവരാണ് മുംബൈയിലെ മലയാള സാഹിത്യരംഗത്തെ ശാപം. പ്രവാസികള് എഴുതുന്നതെല്ലാം ചവറാണെന്ന് എം. മുകുന്ദനെപ്പോലുളളവരെക്കൊണ്ട് പറയിക്കുന്നത് ഇത്തരക്കാരാണ്.

സഹജീവികളുടെ സാഹിത്യത്തെ പുച്ഛിക്കുന്നവര് ഒന്നോര്ക്കണം. തങ്ങളുടെ കഥകളുടെ, കവിതകളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് സ്വയം വിമര്ശനം നടത്തുക. കഥയിലോ നോവലിലോ ഒരു പുരുഷ കഥാപാത്രം സ്ത്രീ കഥാപാത്രത്തോട് സംസാരിച്ചാല് അതിനെ പൈങ്കിളി എന്ന് എളുപ്പം മുദ്രകുത്തുന്ന പ്രവണത മാറ്റണം. സാഹിത്യത്തിലെ പ്രണയം വിലക്കപ്പെട്ടതാണെങ്കില്അന്നാകരേനീനയുംചെമ്മീനും വില്ക്കുന്നത് നിരോധിക്കേണ്ടിവരും.

കൃതി വായിക്കാതെ അതിനെ വിലയിരുത്താനാവില്ല. അതിനാലാണ് എഴുത്തുകാര് മുംബൈയിലെ മറ്റുളളവരുടെ കൂടി സാഹിത്യം വായിക്കണമെന്നു ശഠിക്കുന്നത്. മുട്ടത്തുവര്ക്കിയുടെ കൃതി വായിക്കാതെ ആരെങ്കിലും പറഞ്ഞതുകേട്ട് അതിനെ അവഗണിക്കുന്നതാണ് തെറ്റ്. മുട്ടത്തു വര്ക്കിയെ വായിക്കാതെ .വി. വിജയനേയും ആനന്ദിനേയും വായിക്കുന്നത്, അസ്ഥിവാരമിടാതെ കെട്ടിടമുയര്ത്തുന്നതിനു തുല്യമാണ്. ചാള്സ് ഡിക്കന്സിനേയും വാള്ട്ടര് സ്കോട്ടിനേയും പഠിക്കാതെ മാര്ക്വേസിനേയും ബോര്ഹസിനേയും മനസ്സിലാക്കാനാകുമോ? അക്ഷരം പഠിക്കാതെ എഴുതാനോ വായിക്കാനോ ആവില്ലെന്ന ലളിതമായ സത്യംപോലെയാണത്.

നേരത്തെ സൂചിപ്പിച്ചതുപോലെ സ്വന്തം സാഹിത്യത്തെ വിമര്ശനബുദ്ധിയോടെ വിലയിരുത്തിയെങ്കിലേ മറ്റുളളവരുടെ സാഹിത്യമെന്താണെന്ന് മനസ്സിലാക്കാനാകൂ. ദില്ലിയിലെ മലയാളം എഴുത്തുകാര് തങ്ങളെഴുതിയ കഥകള് അച്ചടിക്കും മുന്നേ അന്യോന്യം വായിച്ച് ചര്ച്ചചെയ്തിരുന്നു. ആവശ്യത്തിന് വിമര്ശിക്കുകയും അത്യാവശ്യത്തിന് പുകഴ്ത്തുകയും ചെയ്തിരുന്നു.

കാക്കനാടനും എം. പി. നാരായണപിളളയും ഏകകാലത്താണ് എഴുതിതുടങ്ങിയത്. അവര് സുഹൃത്തുക്കളായിരുന്നു. മികച്ച ചില കഥകള് ഭാഷയ്ക്കു നല്കി എം.പി. നാരായണപിളള പോയി. സൌഹൃദത്തിലുപരി അവര്ക്ക് എഴുത്തിന്റെ കാര്യത്തില് അങ്ങോട്ടുമിങ്ങോട്ടും ബഹുമാനമായിരുന്നു. പരസ്പരം പുറം ചൊറിയുന്ന ഏര്പ്പാടായിരുന്നുവെന്ന് തെറ്റിദ്ധരിക്കരുത്. ഇനി പറയുന്നത് അതിന്റെ വലിയ ഉദാഹരണമായിട്ടുവേണം എടുക്കാന്. എം.പി. നാരായണപിളള കാക്കനാടന്റെ കഥകളെപറ്റി അവ മഹത്താണെന്ന് എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. പക്ഷേ, കാക്കനാടനോട് എം.പി. നാരായണപിളളയുടെ കഥകളെക്കുറിച്ച് ചോദിച്ചാല് അന്നും ഇന്നും അദ്ദേഹത്തിന്റെ ഉത്തരം ഒന്നാണ്. ലോകത്തിലെതന്നെ മികച്ച കഥമുരുകന് എന്ന പമ്പാട്ടിഎന്നേ കാക്കനാടന് പറയൂ.

തന്റെ കഥ കാക്കനാടന് വായിച്ച് ജനയുഗത്തിന്റെ പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരന് അത് പ്രസിദ്ധീകരിക്കാന് ശിപാര് ചെയ്ത് അയച്ചുകൊടുത്തിട്ടുളള കാര്യം എം. മുകുന്ദന് പറഞ്ഞിട്ടുണ്ട്. ഇന്ന് എഴുത്തുകാര് പരസ്പരം പാര പണിയുന്നവരാണ്. ഞാന് ഒരു കഥ പ്രസിദ്ധീകരിക്കാനായി ഏതെങ്കിലും വാരികയിലേയ്ക്ക് അയച്ചു എന്നിരിക്കട്ടെ. അതറിഞ്ഞാല് കഥ പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പിന്നാലെ എന്റെ സാഹിത്യ സുഹൃത്തുക്കള് തന്നെ പത്രാധിപര്ക്ക് കത്തയയ്ക്കും. അവരെ അസഹിഷ്ണുക്കളാക്കുന്നതിന്റെ കാരണം വേറെ ചിലതാണ്. എനിക്ക് ഡോക്ടറേറ്റില്ല, ഞാന് ജേര്ണലിസം പഠിച്ചിട്ടില്ല എന്നൊക്കെയാവും കത്തില് പറയുന്ന ന്യായീകരണങ്ങള്.

കഥയെഴുത്തിന്റെ ബാലപാഠം മനസ്സിലാക്കാന് നിരന്തര വായനയും ഇത്തിരി പ്രതിഭയും കൂട്ടിന് കുറച്ച് അനുഭവവും മതി. അതിന് ഒരാള് ഡോക്ടറോ പ്രഫസറോ ജഡ്ജിയോ എന്ജിനീയറോ ആകണമെന്നില്ല. ഉന്നത വിദ്യാഭ്യാസമാണ് കഥയെഴുത്തിന്റെ മാനദണ്ഡമെന്ന് പറയാനാകുമോ? അങ്ങനെയാണെങ്കില് വൈക്കം മുഹമ്മദ് ബഷീറും പി. കേശവദേവും പോഞ്ഞിക്കര റാഫിയും വലിയ കഥാകൃത്തുക്കളായി അംഗീകാരം നേടുമായിരുന്നില്ല.

സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയ സുകുമാരകലകള് ഗുരുവിന്റെ ശിക്ഷണത്തില് ഒരാള്ക്ക് സ്വായത്തമാക്കാന് കഴിയും. എന്നാല് ഗുരുമുഖത്തുനിന്ന് പഠിച്ചെടുക്കാന് കഴിയുന്നതല്ല സാഹിത്യവിദ്യ. പ്രതിഭയുളളവര് അത് സ്വയം ആര്ജിക്കുകയാണ്. അതിനാല് അഭ്യസ്തവിദ്യരുടേതെന്നും അനഭ്യസ്തവിദ്യരുടേതെന്നും ഉളള ഭേദം സാഹിത്യത്തിന് ബാധകമാകുന്നില്ല. എഴുത്തുകാരെ ജാതിതിരിച്ച് അവരെ പാര്ശ്വവത്കരിക്കുന്നതിന് എതിരെ നോവലിസ്റ്റ് സി. രാധാകൃഷ്ണന് ഈയിടെ പ്രസംഗിച്ചതായി വായിച്ചു. വെളളംപോലെ, വായു പോലെ, അഗ്നിപോലെ ആണ് സാഹിത്യം. അതിന് ദളിത-ബ്രാഹ്മണ ഭേദമില്ല. നമ്മള് കുടിക്കുന്ന വെളളം, നമ്മള് ശ്വസിക്കുന്ന വായു, നമ്മള് കത്തിക്കുന്ന തീ ഇതിനെല്ലാം ഭേദമുണ്ടോ? സാഹിത്യത്തെ സംബന്ധിച്ചും ഇതാണ് പരമമായ സത്യം. സ്രഷ്ടാവിനല്ല, സൃഷ്ടിക്കാണ് പ്രാധാന്യം. വിഷ്ണുനാരായണന് നമ്പൂതിരി എഴുതിയാലും രാഘവന് അത്തോളി എഴുതിയാലും കവിത കാമ്പുളളതാണെങ്കില് ജാതി മറന്ന് അതിനെ അംഗീകരിക്കണം. അങ്ങനെതന്നെ എന്നു പറയട്ടെ, വിദ്യയുളളവരുടെയും അതല്പം കുറഞ്ഞവരുടെയും സാഹിത്യ സൃഷ്ടികളുടെ കാര്യവും.

അവാര്ഡുകളുടെ കാര്യത്തില് മുംബൈയിലെ എഴുത്തുകാര്ക്ക് സംവരണം വേണം എന്നോ മറ്റോ ഒരാവശ്യം കുറെക്കൊല്ലം മുന്പ് ആരോ ഉന്നയിച്ചിരുന്നു. ചില ലോക്സഭാ-നിയമസഭാ മണ്ഡലങ്ങള് പട്ടികജാതിക്കാര്ക്കായി സംവരണം ചെയ്തിരിക്കുന്നതിനു തുല്യമായ ഒരേര്പ്പാടിനുവേണ്ടിയുളള ആവശ്യംതന്നെ എഴുത്തുകാര്ക്ക് അപമാനമാണ്. രാഷ്ടീയം മാതിരി സാഹിത്യവും തരംതാണതാണ് എന്ന തെറ്റായ ധാരണയുടെ ഉല്പന്നമാണ് സംവരണവിചാരം.

തങ്ങള് എഴുതുന്നതെല്ലാം വിശ്വസാഹിത്യമാണെന്ന ധാരണ മുംബൈയിലെ ചില എഴുത്തുകാര്ക്ക് ഉണ്ട്. മിഥ്യാധാരണ മാറ്റിവെച്ച് നല്ലതേത്, ചീത്തയേത് എന്നു നിര്ണയിക്കാന് കഴിയണം. സാഹിത്യ അക്കാദമി അവാര്ഡു കിട്ടിയ മാനസിയുടെ കഥകള് മുംബൈയിലെ എത്രപേര് വായിച്ചിട്ടുണ്ട്? അവരെ സംഘടനകള് പ്രസംഗിക്കാനായി ക്ഷണിച്ചുകൊണ്ടുപോകുന്നു. അവരുടെ ഒരു കഥപോലും വായിക്കാത്തവരായിരിക്കും ഇക്കൂട്ടര്. ഇത് മുകുന്ദനെപ്പോലുളളവര്ക്ക് അഭിപ്രായം പറയാന് വക നല്കിയേക്കാം. അഭിപ്രായം ഇങ്ങനെയാകാം: മുംബൈ മലയാളികള്ക്ക് വായനാശീലമില്ല!

പിന്വാതില്:

കഥാകൃത്തിന് പത്രാധിപരുടെ എഴുത്തു കിട്ടി, വാരികയുടെ ഇത്രാമത്തെ ലക്കത്തില് കഥ പ്രസിദ്ധീകരിക്കുന്നു എന്നു കാണിച്ച്. സ്ഥലപരിമിതി കാരണം കഥ പ്രസ്തുത ലക്കത്തില് ചേര്ക്കാന് കഴിയാതെപോയി പത്രാധിപര്ക്ക്. പക്ഷേ കഥ അസ്സലായിട്ടുണ്ട് എന്നറിയിച്ചുകൊണ്ട് അടുത്തലക്കത്തില് പ്രസിദ്ധീകരിക്കാനായി ധാരാളം എഴുത്തുകള് പത്രമോഫീസില് കിട്ടി. പ്രസിദ്ധീകരിക്കാത്ത കഥയ്ക്കു കഥാകൃത്തിന് കിട്ടിയ അഭിനന്ദനക്കത്തുകള് വായിച്ച് പത്രാധിപര് ബോധംകെട്ടു വീണുപോയി എന്നാണ് വാരികയുടെ സഹപത്രാധിപര് രഹസ്യമായി എന്നോട് പറഞ്ഞത്.

_____________

മേഘനാദന്